September
Tuesday
16
2025
ഇടുക്കി പദ്ധതി ‘വരും’ മൂലമറ്റം ടൗണിൽ
ഇടുക്കി പദ്ധതിയുടെ ചെറുപതിപ്പ് പുനരാവിഷ്‌കരിക്കാനുദ്ദേശിക്കുന്ന മൂലമറ്റം ടൗണിന് നടുവിലെ വൈദ്യുതി ബോർഡിന്റെ സ്ഥലം
മൂലമറ്റം : മൂലമറ്റത്ത് വൈദ്യുതി ബോർഡ് വക സ്ഥലത്ത് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഇടുക്കി അണക്കെട്ടടക്കമുള്ള ജല പദ്ധതി പുനരാവിഷ്‌കരിക്കുന്നു. ഇതിനുള്ള സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഹൈഡൽ ടൂറിസം വിഭാഗത്തിന് വൈദ്യുതി ബോർഡ് നിർദ്ദേശം നൽകി. നാലേക്കർ ഭൂമിയാണ് പദ്ധതി രൂപകൽപ്പന ചെയ്യാൻ ആവശ്യമുള്ളത്. ഇത്രയും ഭൂമി സൗകര്യപ്രദമായി ഇവിടെ ലഭ്യമാണോയെന്ന് അളന്നു തിട്ടപ്പെടുത്തി നൽകാനാണ് നിർദേശം. വൈകാതെ ഹൈഡൽ പദ്ധതി വിഭാഗം സർവ്വേ ടീം ഇവിടം സന്ദർശിച്ച് ഭൂമി അളന്ന് തിട്ടപ്പെടുത്തും. ഇടുക്കി പദ്ധതിയിലെ അണക്കെട്ടുകളും വൈദ്യുതി നിലയവുമെല്ലാമടങ്ങിയ ഡെമോ പൊതുജനങ്ങൾക്കായി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വിനോദസഞ്ചാരവും മൂലമറ്റം പട്ടണത്തിന്റെ വികസനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂലമറ്റം ടൗണിന്റെ ഹൃദയഭാഗത്ത് ഏക്കർ കണക്കിന് സ്ഥലമാണ് കാടുംപടലുമായി കിടക്കുന്നത്. ഇവിടെ പാർക്ക് അടക്കമുള്ളവ പരിഗണിക്കണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, സുരക്ഷാഭീഷണിയുടെയും മറ്റും പേരിൽ വൈദ്യുതി ബോർഡ് ഈ പദ്ധതികൾക്കൊന്നും അനുമതി നൽകിയില്ല. മൂലമറ്റം വൈദ്യുതി നിലയത്തിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടും വർഷങ്ങളേറെയായി. ഇതെല്ലാം പരിഗണിച്ചാണ് ഇടുക്കി പദ്ധതിയുടെ ചെറു പതിപ്പിനെ മൂലമറ്റം ടൗണിന് നടുവിലേക്ക്‌ പറിച്ചു നടുന്നത്. അതേസമയം ഈ ഭൂമിക്ക്‌ ഏതാണ്ട് എതിർ ഭാഗത്തായി രണ്ടാം പവർഹൗസ് നിർമാണവും സർക്കാർ പരിഗണനയിലാണ്. ഈ പദ്ധതിയെ ഒരുവിധത്തിലും ബാധിക്കാത്ത വിധത്തിൽ ഭൂമി ലഭ്യമാകുമോയെന്നായിരിക്കും ഹൈഡൽ പദ്ധതി വിഭാഗം സർവ്വേ ടീം പരിശോധിക്കുക.
side top
Support Silex Digital Technologies | Copyright © 2015 IdLiveHub. · Privacy · Terms

Back to top